Skip to main content

പരിഷ്‌ക്കരിക്കപ്പെടുന്ന യാഥാര്‍ഥ്യം


കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ ജൂലായ് 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
Fun & Info @ Keralites.net
കഴിഞ്ഞ ഏപ്രില്‍ നാലിന് പോസ്റ്റ് ചെയ്യപ്പെട്ട ആ വീഡിയോ ഇതെഴുതുന്ന സമയംവരെ 1.6 കോടിയിലേറെ തവണ യുട്യൂബില്‍ പ്ലേ ചെയ്തുകഴിഞ്ഞു. 'പ്രോജക്ട് ഗ്ലാസ്' എന്ന് പേരിട്ട ഗൂഗിളിന്റെ പുതിയ പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പിന്റെ ഭാഗമായിരുന്നു ആ വീഡിയോ. ഗൂഗിളിന്റെ രഹസ്യലാബായ 'ഗൂഗിള്‍ എക്‌സി'ലാണ് ആ പദ്ധതി ചുരുളഴിയുന്നതെന്നും അറിയിപ്പിലുണ്ടായിരുന്നു.

'പ്രോജക്ട് ഗ്ലാസ്: വണ്‍ ഡേ....' എന്ന തലവാചകത്തോടെ ഗൂഗിള്‍ അവതരിപ്പിച്ച വീഡിയോയുടെ രണ്ടര മിനിറ്റ് നീളുന്ന ഉള്ളടക്കം താരതമ്യേന ലളിതമാണ്. സമീപഭാവിയില്‍ ഒരാളുടെ ദിവസം എങ്ങനെയാകാം എന്ന് കാട്ടിത്തരുന്ന അതിലെ നായകന്‍ വീഡിയോയില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. പകരം, അയാള്‍ കാണുന്ന ലോകമാണ് വീഡിയോയിലുള്ളത്.

വീഡിയോ തുടങ്ങുന്നു..............രാവിലെ കട്ടിലില്‍നിന്ന് മൂരിനിവര്‍ന്നെഴുന്നേല്‍ക്കുന്ന നായകന് മുന്നില്‍, സ്മാര്‍ട്ട്‌ഫോണിലെ ആപ്ലിക്കേഷനുകള്‍ പോലെ അന്തരീക്ഷത്തില്‍ തെളിയുന്ന ഐക്കണുകള്‍. അവ സുതാര്യമാണ്, മുന്നിലുള്ള ഒന്നിനെയും മറയ്ക്കുന്നില്ല. അധികം വൈകാതെ അവ ദൃഷ്ടിപഥത്തില്‍നിന്ന് മായുന്നു.

ജഗ്ഗില്‍നിന്ന് കാപ്പി പകര്‍ന്ന് കുടിക്കാന്‍ തുടങ്ങുമ്പോഴേക്കും, ക്ലോക്കിന്റെ ഐക്കണും അതിനോട് ചേര്‍ന്ന് 'see Jess Tonight' എന്ന ഓര്‍മപ്പെടുത്തലും പ്രത്യക്ഷപ്പെടുന്നു. കാപ്പികുടി കഴിഞ്ഞ് ജനാലയിലൂടെ പുറത്ത് നഗരത്തിലേക്ക് നോക്കുമ്പോള്‍, കാലാവസ്ഥാ വിവരം മുന്നില്‍ പ്രത്യക്ഷപ്പെടുന്നു-പുറത്ത് താപനില 58 ഡിഗ്രി, സൂര്യപ്രകാശമുള്ള ദിനം, മഴയ്ക്ക് സാധ്യത പത്തുശതമാനം.
Fun & Info @ Keralites.net
പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ 'Wanna meet up today?' എന്ന അന്വേഷണവുമായി ഒരു സുഹൃത്തിന്റെ മുഖം ഐക്കണായി ദൃഷ്ടിപഥത്തിന്റെ ഒരു കോണില്‍ പ്രത്യക്ഷപ്പെടുന്നു. 'ശരി, സ്ട്രാന്‍ഡ് ബുക്‌സിന് മുന്നില്‍ രണ്ടുമണിക്ക് കാണാം' എന്ന് നായകന്‍ പറയുന്നു. അത് മറുപടിയായി അയയ്ക്കപ്പെട്ടു എന്ന അറിയിപ്പ് നൊടിയിടയില്‍ മുന്നില്‍ തെളിഞ്ഞുമാഞ്ഞു.

ബാഗും താക്കോലുമെടുത്ത് പുറത്ത് റോഡിലെത്തി സബ്‌വേയിലേക്ക് തിരിഞ്ഞപ്പോള്‍ അറിയിപ്പ് മുന്നില്‍ തെളിയുന്നു: 'Subway service Suspended'. പകരം നടക്കേണ്ട വഴി ഒരു മാപ്പിന്റെ രൂപത്തില്‍ ദൃഷ്ടിപഥത്തിലെത്തുന്നു. ഒരു ബുക്ക്‌ഷോപ്പിലേക്ക് കടക്കുമ്പോള്‍ 'Strand Books' എന്ന് മുന്നിലെത്തി. മ്യൂസിക് വിഭാഗം എവിടെയാണെന്ന് നായകന്‍ ചോദിക്കുമ്പോള്‍ അത് വ്യക്തമാക്കുന്ന കടയുടെ മാപ്പ് പ്രത്യക്ഷപ്പെടുന്നു.

പുസ്തകങ്ങള്‍ പരതുന്നതിനിടെ പോള്‍ എന്ന സുഹൃത്തിന്റെ ഐക്കണ്‍ ചിത്രത്തോടൊപ്പം. അയാള്‍ സ്ട്രാന്‍ഡ് ബുക്‌സില്‍ നിന്ന് 402 അടി അകലെയുണ്ട് എന്ന അറിയിപ്പ് എത്തി. നായകന്‍ പുറത്തിറങ്ങി സുഹൃത്തുമായി കൂടിക്കാഴ്ച നടത്തുന്നു.

സുഹൃത്ത് പിരിഞ്ഞ ശേഷം നടത്തം തുടരുമ്പോള്‍, റോഡരികില്‍ കണ്ട ഒരു ദൃശ്യം നല്ലൊരു ഫോട്ടോയ്ക്കുള്ള വിഷയമാണല്ലോ എന്ന് നായകന് തോന്നുന്നു. ഇതിന്റെ ഫോട്ടോയെടുക്കാം എന്ന് പറയുമ്പോള്‍ മുന്നിലുള്ള ദൃശ്യം ഫ്രെയിമിലാവുകയും, എടുത്ത ഫോട്ടോ നൊടിയിടയില്‍ ഗൂഗിള്‍ പ്ലസിലെ സര്‍ക്കിളുകളില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നു.

കെട്ടിടത്തിന്റെ പടികള്‍ കയറി മുകളിലെത്തുമ്പോഴാണ് ജെസീക്കയെന്നൊരു സുഹൃത്ത് സംസാരിക്കാനാഗ്രഹിക്കുന്നു എന്ന അറിയിപ്പ് മുന്നിലെത്തുന്നത്. അനുവാദം കൊടുത്തയുടന്‍, ജസീക്കയുടെ മുഖം ദൃഷ്ടിപഥത്തിന്റെ താഴെഭാഗത്തായി ചെറിയൊരു ചതുരത്തില്‍ പ്രത്യക്ഷപ്പെടുകയും സംസാരം തുടങ്ങുകയും ചെയ്യുന്നു.....ജസീക്കയെ ആഹ്ലാദിപ്പിക്കാന്‍ നായകന്‍ ഒരു വാദ്യോപകരണം മീട്ടിത്തുടങ്ങുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.

...........ഭാവിയിലെ ഒരു ദിനം ഇങ്ങനെയാണ് അവതരിപ്പിക്കപ്പെടുന്നത്.
Fun & Info @ Keralites.net
ഭൗതികലോകത്തിന് മേല്‍ വെര്‍ച്വല്‍റിയാലിറ്റി പതിപ്പിച്ചുവെച്ചുള്ള ഈ പുതിയ ലോകം എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് വീഡിയോയിലില്ല. എന്നാല്‍, ഗൂഗിളിന്റെ അറിയിപ്പില്‍ കണ്ണടപോലെ തലയില്‍ ധരിക്കാവുന്ന ഒരുപകരണത്തിന്റെ വിവിധ ദൃശ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതിയൊരിനം കണ്ണടയാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നതെന്ന് ഇതില്‍നിന്ന് സൂചന ലഭിക്കുന്നു. 'പ്രോജക്ട് ഗ്ലാസ്' എന്ന പേര് യാദൃശ്ചികമല്ലെന്ന് സാരം.
------
വെര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതിയാഥാര്‍ഥ്യത്തിന്റെ ലോകമായിരുന്നു ഇതുവരെ നമുക്ക് പരിചിതം. കമ്പ്യൂട്ടര്‍ സ്‌ക്രീനുകളിലൂടെയും ടെലിവിഷനിലൂടെയും മൊബൈല്‍സ്‌ക്രീനിലൂടെയുമൊക്കെ വെര്‍ച്വല്‍ ലോകത്തേക്ക് നമ്മള്‍ പ്രവേശിക്കുന്നു. ആ അപരലോകവുമായി ഇടപഴകാന്‍ സഹായിക്കുന്ന സങ്കേതങ്ങളെ ഇന്റര്‍ഫേസ് അഥവാ സമ്പര്‍ക്കമുഖം എന്ന് നമ്മള്‍ പേരിട്ടുവിളിച്ചു.

ഡിജിറ്റല്‍ലോകത്ത് നമുക്ക് പരിചിതമായ ആ യാഥാര്‍ഥ്യം പരിവര്‍ത്തനം ചെയ്യപ്പെടാന്‍ പോകുന്നു എന്ന പ്രഖ്യാപനമായിരുന്നു'പ്രോജക്ട് ഗ്ലാസ്' എന്ന പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പ്. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും ടെലിവിഷനുമൊക്കെ മുന്നോട്ടുവെയ്ക്കുന്ന സാധ്യതകളത്രയും ഭൗതികലോകത്തേക്ക് പ്രതിഷ്ഠിക്കുംവിധം പുതിയൊരു യാഥാര്‍ഥ്യം ഭാവിയെ ഉറ്റുനോക്കുകയാണ്. 'ഓഗ്മെന്റഡ് റിയാലിറ്റി' (Augmented reality) എന്നാണതിന്റെ പേര്.

പ്രതീതിയാഥാര്‍ഥ്യത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ലോകം നിങ്ങളുടേതും, കമ്പ്യൂട്ടറിലെ ഡിജിറ്റല്‍ലോകം അതിന്റേയുമാണ്. ഭൗതികലോകത്തിനും ഡിജിറ്റല്‍ലോകത്തിനും കൃത്യമായ അതിര്‍വരമ്പുണ്ട്. സമ്പര്‍ക്കമുഖത്തിലൂടെ ആ അതിര്‍ത്തി ഭേദിക്കാന്‍ നമുക്ക് സാധിക്കുന്നു എന്നുമാത്രം.

ഓഗ്മെന്റഡ് റിയാലിറ്റിയുടെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്. ഇവിടെ ഭൗതികലോകത്തിന്റെയും ഡിജിറ്റല്‍ലോകത്തിന്റെയും അതിര്‍ത്തി കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. ഭൗതികലോകത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് ഡിജിറ്റല്‍ലോകം കടുന്നുകയറുന്നുവെന്നോ, ഡിജിറ്റല്‍ലോകത്തിനുള്ളിലേക്ക് ഭൗതികലോകത്തെ പ്രതിഷ്ഠിക്കുന്നുവെന്നോ പറയാവുന്ന അവസ്ഥ.

യാഥാര്‍ഥ്യത്തെ പരിഷ്‌ക്കരിക്കുകയാണ് ഓഗ്മെന്റഡ് റിയാലിറ്റി ചെയ്യുന്നത്. കമ്പ്യൂട്ടറിന് മുന്നിലോ സ്മാര്‍ട്ട്‌ഫോണിലോ മാത്രം ഇത്രകാലവും സാധ്യമായിരുന്ന കാര്യങ്ങളത്രയും, അല്ലെങ്കില്‍ അതില്‍ കൂടുതലും, അവയില്ലാതെ ശബ്ദനിര്‍ദേശങ്ങള്‍ക്കൊണ്ടോ, അംഗവിക്ഷേപങ്ങള്‍കൊണ്ടോ, നേത്രചലനങ്ങള്‍ക്കൊണ്ടോ, ഒരുപക്ഷേ വെറും മനോവ്യാപാരങ്ങള്‍ക്കൊണ്ടോ സാധ്യമാകുന്ന അവസ്ഥ.

ഏതായാലും ഒന്നു വ്യക്തം. യാഥാര്‍ഥ്യവുമായി കൂടുതല്‍ അടുത്തുനില്‍ക്കുന്ന ഒന്നാണ് ഓഗ്മെന്റഡ് റിയാലിറ്റി. അതിനാല്‍ നമുക്കതിനെ 'സമീപയാഥാര്‍ഥ്യം' എന്ന് വിളിക്കാം. 'പ്രതീതിയാഥാര്‍ഥ്യ'ത്തില്‍ നിന്ന് ലോകം 'സമീപയാഥാര്‍ഥ്യ'ത്തിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുകയാണെന്ന് സാരം.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ കണ്ണട


രണ്ടര മാസം മുമ്പ് ഇപ്‌സണ്‍ (Epson) കമ്പനി ഇറക്കിയ കണ്ണടയുടെ പ്രത്യേക, കണ്ണട എന്തിനാണോ ഉപയോഗിക്കാറ് അതിനുള്ളതല്ല ആ ഉപകരണം എന്നതായിരുന്നു. കണ്ണിനെ സംരക്ഷിക്കാനോ കാഴ്ചശക്തി വര്‍ധിപ്പിക്കാനോ ഉള്ളതല്ല 'മൂവിറിയോ ബിടി-100' (Movierio BT-100) എന്ന കണ്ണട. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടിമീഡിയ കണ്ണടയാണത്. അതുപയോഗിച്ച് വീഡിയോ കാണാം, ത്രീഡി ദൃശ്യങ്ങള്‍ ആസ്വദിക്കാം, വേണമെങ്കില്‍ വെബ്ബ് ബ്രൗസിങും നടത്താം!
Fun & Info @ Keralites.net
ഇത്രകാലവും നമ്മള്‍ വീഡിയോ കണ്ടിരുന്നത് ടെലിവിഷന്‍ സ്‌ക്രീനിലോ കമ്പ്യൂട്ടറിലോ മൊബൈലിലോ ഒക്കെയാണ്. ഏതാണ്ട് 700 ഡോളര്‍ വിലയ്ക്ക് അമേരിക്കന്‍ വിപണിയില്‍ ലഭ്യമായ മൂവിറോയോ കണ്ണട ധരിച്ചാല്‍, അത്തരം പൊല്ലാപ്പൊന്നുമില്ലാതെ വീഡിയോ ആസ്വദിക്കാം.

ഈ കണ്ണടയിലെ 'പികോ പ്രൊജക്ടറുകള്‍' അഥവാ മൊബൈല്‍ പ്രൊജക്ടറുകള്‍, 16 അടി അകലത്തില്‍ 80 ഇഞ്ച് വലിപ്പത്തിലുള്ള വെര്‍ച്വല്‍ ഡിസ്‌പ്ലേയാണ് കണ്ണിന് മുന്നില്‍ സൃഷ്ടിക്കുക. സുതാര്യമായ ആ ഡിസ്‌പ്ലെ മുന്നിലുള്ള മറ്റു കാഴ്ച്ചകളെ മറയ്ക്കുന്നില്ല. വൈഫൈ കണക്ടിവിറ്റിയുമുണ്ട് ഈ മള്‍ട്ടിമീഡിയ കണ്ണടയില്‍. വീഡിയോ ഇതില്‍ ശേഖരിച്ച് സൂക്ഷിക്കാനും തടസ്സമില്ല. ആറുമണിക്കൂര്‍ ഉപയോഗിക്കാന്‍ കഴിയുന്ന റീച്ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുമുണ്ട്. ഇയര്‍ബഡുകള്‍ ഡോള്‍ബി ശബ്ദസംവിധാനം കൂടി ഒരുക്കുന്നതോടെ, ദൃശ്യാനുഭവത്തിന്റെ ആസ്വാദ്യത പതിന്മടങ്ങ് വര്‍ധിക്കുന്നു.

പത്തുവര്‍ഷംമുമ്പ് ആപ്പിള്‍ അവതരിപ്പിച്ച ഐപോഡ് എന്ന മ്യൂസിക് പ്ലെയര്‍ എങ്ങനെയാണോ സംഗീതാസ്വാദനത്തിന്റെ ശിരോലിഖിതം മാറ്റിയെഴുതിയത്, അതിന് സമാനമായ രീതിയില്‍ വീഡിയോ ആസ്വാദനത്തിന്റെ ചരിത്രം തിരുത്തിയെഴുതാന്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് കഴിഞ്ഞേക്കും.

'സമീപയാഥാര്‍ഥ്യ'ത്തിന്റെ സാധ്യതയാണ് ഈ മള്‍ട്ടിമീഡിയ കണ്ണടയില്‍ ഉപയോഗിച്ചിരിക്കുന്നത്. അത് സാധ്യമാക്കാന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് തുണയ്‌ക്കെത്തുന്നു എന്നുമാത്രം.

ഇത്തരം സാധ്യകളുപയോഗിക്കുന്ന ആദ്യ മള്‍ട്ടിമീഡിയ കണ്ണടയല്ല ഇപ്‌സണ്‍ കമ്പനിയുടേത്. ഇതിന് സമാനമായ (ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നില്ല എങ്കിലും) അരഡസണിലേറെ ഉപകരണങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ത്രിമാനദൃശ്യങ്ങളുടെ മാസ്മരലോകം കണ്‍മുന്നിലൊരുക്കാന്‍ സഹായിക്കുന്ന 'സോണി എച്ച്എംഇസഡ് ടി1' (Sony HMZ T1), ഹൈഡെഫിനിഷന്‍ വീഡിയോ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന 'സിലിക്കണ്‍ മൈക്രോ ഡിസ്‌പ്ലെ എസ്ടി 1080' (Silicon Micro Display ST 1080), ഗെയിം കണിക്കാന്‍ ഉപയോഗിക്കാവുന്ന 'വുസിക്‌സ് സ്റ്റാര്‍ 1200' (Vuzix Star 1200) തുടങ്ങിയവ ഉദാഹരണം.

ഇത്തരം ഉപകരണങ്ങള്‍ക്കെല്ലാം അവയുടേതായ പരിമിതികളുണ്ട്. ചിലത് വീഡിയോ കാണാന്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ, മറ്റ് ചിലത് ഗെയിം കളിക്കാന്‍ മാത്രമുള്ളതാണ്....മാത്രമല്ല, ഇത് ധരിച്ച് നടക്കാന്‍ സാധിക്കില്ല. എവിടെയെങ്കിലും ഇരുന്നു മാത്രമേ 'സമീപയാഥാര്‍ഥ്യ'ത്തിന്റെ ലോകത്തേക്ക് പ്രവേശിക്കാനാകൂ. ഇത്തരം പരിമിതികളെല്ലാം ഒഴിവാക്കി, മനുഷ്യജീവിതത്തെ സമീപയാഥാര്‍ഥ്യത്തിലേക്ക് പറിച്ചുനടാനാണ് ഗൂഗിള്‍ അതിന്റെ പ്രോജക്ട് ഗ്ലാസ് പദ്ധതി വഴി ശ്രമിക്കുന്നത്.

തിരിഞ്ഞുനോക്കുമ്പോള്‍

'വെര്‍ച്വല്‍ റിയാലിറ്റി' എന്ന് കമ്പ്യൂട്ടര്‍നിര്‍മിതലോകം അറിയപ്പെടാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. അമേരിക്കന്‍ കമ്പ്യൂട്ടര്‍ ആര്‍ട്ടിസ്റ്റ് മിരോന്‍ ക്രൂഗെര്‍
1970 കളില്‍ 'ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി' (artificial reality) എന്ന് പേരിട്ടുവിളിച്ച 'കൃത്രിമ യാഥാര്‍ഥ്യ'ത്തിന് പുതിയ പേര് വീണത് 1980 കളുടെ അവസാനമാണ്. 'വെര്‍ച്വല്‍ കമ്മ്യൂണി' എന്ന പ്രയോഗത്തെ അടിസ്ഥാനമാക്കി യു.എസ്.കമ്പ്യൂട്ടര്‍ സയന്റിസ്റ്റായ ജാറോണ്‍ ലാനിയറാണ് 1989 ല്‍ 'വെര്‍ച്വല്‍ റിയാലിറ്റി' എന്ന പ്രയോഗം നടത്തുന്നത്.
Fun & Info @ Keralites.net
1990 കളില്‍ വേല്‍ഡ് വൈഡ് വെബ്ബ് (www) പുതിയ വിജ്ഞാനവിപ്ലവം സൃഷ്ടിക്കാനാരംഭിച്ചതോടെ, ലോകം ശരിക്കും വെര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതിയാഥാര്‍ഥ്യത്തിന്റെ സാധ്യതകളിലേക്ക് പ്രവേശിച്ചു.

പ്രതീതിയാഥാര്‍ഥ്യത്തിന്റെ ലോകത്തുനിന്ന് ലോകമിപ്പോള്‍ സമീപയാഥാര്‍ഥ്യ (ഓഗ്മെന്റഡ് റിയാലിറ്റി)ത്തിന്റെ ലോകത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന് നിരീക്ഷിക്കുമ്പോള്‍ ഉണ്ടാകാവുന്ന ഒരു തെറ്റിദ്ധാരണ, പുതിയ സങ്കല്‍പ്പമാണ് സമീപയാഥാര്‍ഥ്യം എന്നതാണ്. അത് ശരിയല്ല. 'ദി വണ്ടര്‍ഫുള്‍ വിസാര്‍ഡ് ഓസ്' മുതലായ ബാലസാഹിത്യകൃതികളിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ എഴുത്തുകാരന്‍ ഫ്രാന്‍ക് ബാവും 1901 ല്‍ തന്നെ ഇത്തരമൊരു സങ്കല്‍പ്പം അവതരിപ്പിച്ചതായി, ഇതുസംബന്ധിച്ച വിക്കിപീഡിയ ലേഖനം സൂചിപ്പിക്കുന്നു.

ടെലിവിഷന്‍, ലാപ്‌ടോപ്പുകള്‍, വയര്‍ലെസ്സ് ടെലിഫോണ്‍ തുടങ്ങി, അന്നത്തെ ലോകത്ത് അപരിചിതമായിരുന്ന ഒട്ടേറെ സംഗതികളെക്കുറിച്ച് സങ്കല്‍പ്പങ്ങള്‍ മുന്നോട്ടുവെച്ച ആ എഴുത്തുകാരന്‍, യഥാര്‍ഥ ജീവിതത്തിന് മേല്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ വഴി ഡേറ്റ സന്നിവേശിപ്പിക്കുന്ന സംവിധാനത്തെക്കുറിച്ചുള്ള ആശയവും അവതരിപ്പിക്കുകയുണ്ടായി.

തലയില്‍ ധരിക്കാവുന്ന (head-mounted) ഡിസ്‌പ്ലെ വഴി വെര്‍ച്വല്‍ ലോകത്തേക്കൊരു വാതായനം തുറക്കാനുള്ള വിദ്യ 1966 ല്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞതാണ് സമീപയാഥാര്‍ഥ്യത്തിന്റെ നാള്‍വഴിയിലെ ശ്രദ്ധേയമായ ഒരു മുന്നേറ്റം. അമേരിക്കന്‍ കമ്പ്യൂട്ടര്‍ വിദഗ്ധനും ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തില്‍ പങ്കുവഹിച്ചയാളുമായ ഇവാന്‍ സുതര്‍ലന്‍ഡ് ആയിരുന്നു ആ മുന്നേറ്റത്തിന് പിന്നില്‍.

ഈ രംഗത്ത് 1975 ല്‍ മറ്റൊരു വഴിത്തിരിവുണ്ടായി. വെര്‍ച്വല്‍ വസ്തുക്കളുമായി ഇടപഴകാന്‍ യൂസര്‍മാര്‍ക്ക് ആദ്യമായി സാധിച്ചു. വെര്‍ച്ചല്‍ ലോകത്തിന് 'ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി' എന്ന് പേരിട്ടുവിളിച്ച മിരോന്‍ ക്രൂഗെര്‍ രൂപപ്പെടുത്തിയ 'Videoplace' ആണ് അതിനവസരം സൃഷ്ടിച്ചത്.

എന്നാല്‍, സമീപയാഥാര്‍ഥ്യത്തിന് 'ഓഗ്മെന്റഡ് റിയാലിറ്റി' പേര് ലഭിക്കുന്നത് 1990 ലാണ്. ബോയിങ് കമ്പനി അതിന്റെ ജീവനക്കാര്‍ക്ക് വിമാനത്തിലെ കേബിളുകള്‍ ഘടിപ്പിക്കാന്‍ വെര്‍ച്വല്‍ സംവിധാനമുണ്ടാക്കുന്ന വേളയില്‍ തോമസ് പ്രിസ്റ്റണ്‍ കോഡലാണ് ഓഗ്മെന്റഡ് റിയാലിറ്റി എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. വെര്‍ച്വല്‍ റിയാലിറ്റി എന്ന പ്രയോഗം സൃഷ്ടിക്കപ്പെട്ടതിന്റെ പിറ്റേവര്‍ഷം ഓഗ്മെന്റഡ് റിയാലിറ്റി എന്ന പേരും രംഗത്തെത്തിയെന്ന് ഇതില്‍നിന്ന് മനിസിലാക്കാം. എന്നാല്‍, ആ പുതിയ യാഥാര്‍ഥ്യത്തിലേക്ക് ലോകം ചുവടുവെയ്ക്കാന്‍ തുടങ്ങുന്നത് ഇപ്പോഴാണെന്ന് മാത്രം.

കരുത്തേറിയ സ്മാര്‍ട്ട്‌ഫോണുകളും കാര്യക്ഷമതകൂടിയ പ്രോജക്ടറുകളും മികവുറ്റ വീഡിയോഗ്രാഫിക് സങ്കേതങ്ങളും തടസ്സമില്ലാത്ത വയര്‍ലെസ്സ് കണക്ടിവിറ്റിയും ജിപിഎസ് സങ്കേതങ്ങളും മാപ്പിങ് സര്‍വീസുകളുമൊക്കെ പുതിയ യാഥാര്‍ഥ്യത്തിലേക്ക് പ്രവേശിക്കാന്‍ നമ്മളെ സഹായിക്കുന്നു.

'ആറാമിന്ദ്രിയം' കാട്ടിത്തന്ന അത്ഭുതം

'സമീപയാഥാര്‍ഥ്യ'ത്തിന്റെ യഥാര്‍ഥ സാധ്യതകള്‍ എത്രയാണെന്ന് ലോകം അമ്പരപ്പോടെയും ആകാംക്ഷയോടെയും അറിഞ്ഞ ചില നിമിഷങ്ങളുണ്ട്. അതിലൊന്നായിരുന്നു കാനഡയില്‍ 'യൂണിവേഴ്‌സിറ്റി ഓഫ് കാള്‍ഗരി ഫാക്കല്‍റ്റി ഓഫ് മെഡിസി'ന് കീഴിലുള്ള 'സണ്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ജിനോമിക്‌സി'ലെ ഗവേഷകര്‍ രൂപപ്പെടുത്തിയ മനുഷ്യശരീരത്തിന്റെ ദൃശ്യസംവിധാനം. 2007 ജൂണില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നു.
Fun & Info @ Keralites.net
രോഗിയുടെ ശരീരത്തിലേക്ക് ഊളിയിട്ട് രോഗബാധിതഭാഗങ്ങള്‍ അടുത്തു പരിശോധിക്കാനും, 'ട്രയല്‍' ചെയ്തു നോക്കിയ ശേഷം ശസ്ത്രക്രിയ പിഴവു കൂടാതെ നടത്താനും ഡോക്ടര്‍മാര്‍ക്ക് അവസരമൊരുക്കുന്ന തരത്തില്‍, മനുഷ്യശരീരത്തിന്റെ ചതുര്‍മാന (4ഡി) ദൃശ്യസംവിധാനമാണ് ക്രിസ്റ്റോഫ് സെന്‍സറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം സൃഷ്ടിച്ചത്. ശരീരഭാഗങ്ങളുടെ ആയിരക്കണക്കിന് വിശദാംശങ്ങള്‍ സന്നിവേശിപ്പിച്ചാണ്, 'ഗുഹാമനുഷ്യന്‍'(CAVEman) എന്നു പേരിട്ട ആ ചതുര്‍മാനചിത്രത്തിന് രൂപംനല്‍കിയത്. ഒരു ബൂത്തില്‍ ത്രിഡി കണ്ണടയുപയോഗിച്ച് 'ഗുഹാമനുഷ്യനെ' നിരീക്ഷിക്കാം. ഓരോ ശരീരഭാഗവും യഥാര്‍ത്ഥ പൊക്കത്തിലും നീളത്തിലും വീതിയിലും മുന്നില്‍ തെളിഞ്ഞു കാണും.

മാഗ്‌നറ്റിക് റെസണന്‍സ് ഇമേജുകള്‍, സിഎടി സ്‌കാനുകള്‍, എക്‌സ്‌റേകള്‍ തുടങ്ങി വിവിധ രോഗനിര്‍ണയ ഉപാധികള്‍ വഴി ലഭിക്കുന്ന രോഗിയുടെ ആന്തരശരീരഭാഗത്തിന്റെ വ്യത്യസ്ത ദൃശ്യങ്ങള്‍ ദൃശ്യപാളികളാക്കി സന്നിവേശിപ്പിച്ച്, ശരീരത്തിനുള്ളിലെ കാഴ്ചകളുടെ പ്രതീതിയാഥാര്‍ത്ഥ്യം സൃഷ്ടിക്കുകയാണ് 'ഗുഹാമനുഷ്യനി'ല്‍ ചെയ്തത്. ആന്തരാവയവങ്ങളുടെ ഉയര്‍ന്ന റസല്യൂഷനിലുള്ള ദൃശ്യങ്ങള്‍ ശരീരത്തിന്റെ സമഗ്രതയില്‍ അനായാസം ഡോക്ടര്‍മാരുടെ കണ്‍മുന്നിലെത്തിക്കാന്‍ ഈ മാര്‍ഗ്ഗം സഹായിക്കുന്നു. രോഗനിര്‍ണയത്തിലും ചികിത്സയിലും ശസ്ത്രക്രിയയിലും വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട പദ്ധതിയാണിത്.

ഭൗതികലോകത്തിന്റെയും ഡിജിറ്റല്‍ലോകത്തിന്റെയും അതിരുകള്‍ മായ്ക്കാന്‍ പുതിയ കാലത്തിന് കഴിയുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു 'ഗുഹാമനുഷ്യന്‍'. എന്നാല്‍, ആ അതിര്‍ത്തിലംഘനം ഏതറ്റംവരെയാകാം എന്ന് ലോകത്തിന് കാട്ടിത്തന്നത് ഗുജറാത്ത് സ്വദേശിയും അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യിലെ യുവഗവേഷകനുമായ പ്രണവ് മിസ്ട്രിയാണ്. 2009 ല്‍ കാലിഫോര്‍ണിയയിലെ മോന്റെറിയില്‍ നടന്ന TED (Technology, Entertainment and Design) കോണ്‍ഫറന്‍സില്‍ താന്‍ രൂപംനല്‍കിയ 'സമീപയഥാര്‍ഥ്യ'സങ്കേതമായ 'സിക്‌സ്ത് സെന്‍സ്' ('ആറാമിന്ദ്രിയം') പ്രണവ് മിസ്ട്രി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു.
Fun & Info @ Keralites.net
ശരീരത്തില്‍ ധരിക്കാവുന്ന, ധരിക്കുന്നയാളുടെ അംഗവിക്ഷേപങ്ങളെ പിന്തുടര്‍ന്ന് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന, കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമാണ് സിക്‌സ്ത്‌സെന്‍സ്. ചുറ്റുമുള്ള സംഗതികള്‍ ഡിജിറ്റല്‍വിവരങ്ങളായി തുടര്‍ച്ചയായി പരിവര്‍ത്തനം ചെയ്തുകൊണ്ടാണ് അതിന്റെ പ്രവര്‍ത്തനം.

വെറുമൊരു @ ചിഹ്നം വിരല്‍കൊണ്ട് വായുവില്‍ വരയ്ക്കുക, അതോടെ യാത്രചെയ്യുന്ന തീവണ്ടിയുടെ വശത്തോ, അല്ലെങ്കില്‍ ഇരിക്കുന്ന മുറിയുടെ ഭിത്തിയിലോ ഇമെയില്‍ പരിശോധിക്കാന്‍ കഴിയുന്ന കാര്യം ചിന്തിച്ചുനോക്കൂ. വിരല്‍കൊണ്ട് കൈത്തണ്ടിയില്‍ വെറുമൊരു വൃത്തം വരയ്ക്കുക വഴി, അവിടെ സമയം നോക്കാവുന്ന വിര്‍ച്വല്‍ വാച്ച് തെളിയുന്നത് എത്ര അത്ഭുതകരമായിരിക്കും. ചൂണ്ടുവിരലുകളും തള്ളവിരലുകളും ചേര്‍ത്ത് കണ്ണിന് മുന്നില്‍ വെറുമൊരു ചതുരഫ്രെയിം ഉണ്ടാക്കിയാല്‍ മതി, മുന്നിലുള്ള ദൃശ്യത്തിന്റെ ഡിജിറ്റല്‍ ഫോട്ടോ പകര്‍ത്താം എന്ന് വന്നാലോ. നിങ്ങളുടെ ഫ്‌ളൈറ്റ് വൈകുന്നതിന്റെ കാരണം, കൈയിലുള്ള ബോര്‍ഡിങ് പാസില്‍ തന്നെ തെളിഞ്ഞുവരുമെങ്കിലോ!

ഇത്തരം സാധ്യതകളാണ് സിക്‌സ്ത് സെന്‍സ് മുന്നോട്ടുവെയ്ക്കുന്നത്.ചെറുക്യാമറയും പ്രൊജക്ടറും ചെര്‍ന്ന ചെറിയൊരു ഉപകരണമാണ് ഈ സങ്കേതത്തിലുള്‍പ്പെട്ടിട്ടുള്ളത്. കഴുത്തില്‍ അണിയാവുന്ന അതിന് ഒരു സിഗരറ്റ് പാക്കറ്റിന്റെ വലിപ്പമേയുള്ളു. ക്യാമറ ശരിക്കുമൊരു ഡിജിറ്റല്‍ നേത്രമായി പ്രവര്‍ത്തിക്കും. ഉപയോഗിക്കുന്നയാള്‍ കാണുന്നതെല്ലാം ക്യാമറയും കാണും. ഉപയോഗിക്കുന്നയാളുടെ കൈകളിലെ പെരുവിരലിന്റെയും ചൂണ്ടുവിരലിന്റെയും ചലനം ക്യാമറ സൂക്ഷ്മായി പിന്തുടരും.
Fun & Info @ Keralites.net
ഒരാള്‍ എന്തുമായി ഇടപഴകുന്നു എന്നുമാത്രമല്ല, എങ്ങനെ ഇടപഴകുന്നു എന്നു മനസിലാക്കുകയാണ് സിക്‌സ്ത്‌സെന്‍സ് ചെയ്യുക. ഒരു പ്രത്യേക സാഹചര്യത്തില്‍, അതിന് അനുയോജ്യമായ വിവരങ്ങള്‍ ലഭിക്കാന്‍ സിക്‌സ്ത്‌സെന്‍സിലെ സോഫ്ട്‌വേര്‍ ഇന്റര്‍നെറ്റില്‍ പരതും. അപ്പോഴാണ് ഉപകരണത്തിലെ പ്രൊജക്ടര്‍ കാര്യങ്ങള്‍ ഏറ്റെടുക്കുക. 'നിങ്ങള്‍ക്ക് മുന്നിലെ ഏത് പ്രതലവും ഇടപഴകാന്‍ പാകത്തിലുള്ളതാക്കി (interactive) മാറ്റാന്‍ കഴിയും', ഇതെപ്പറ്റി പ്രണവ് മിസ്ട്രി പറഞ്ഞതിങ്ങനെയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ വരുത്തുന്ന വിപ്ലവം

ഗ്രാഫിക്കുകളും ശബ്ദങ്ങളും പ്രതികരണങ്ങളുമെല്ലാം യഥാര്‍ഥ ചുറ്റുപാടിലേക്ക് തത്സമയം സന്നിവേശിപ്പിച്ചാണ് സമീപയാഥാര്‍ഥ്യം സൃഷ്ടിക്കപ്പെടുന്നത്. ഒരു സ്‌ക്രീനിന്റെ അല്ലെങ്കില്‍ പ്രത്യേക ചട്ടക്കൂടുള്ള സമ്പര്‍ക്കമുഖത്തിന്റെ ആവശ്യം ഇതിലില്ല. ദൃശ്യപഥത്തില്‍ തന്നെ കമ്പ്യൂട്ടര്‍സൃഷ്ടികളായ ഘടകങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെയാണ് 'സമീപയാഥാര്‍ഥ്യ' സങ്കേതങ്ങളുടെ ആവിര്‍ഭാവത്തിന് ആവേഗം വര്‍ധിച്ചത്. ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളും രംഗം കൈയടക്കിയതോടെ, സമീപയാഥാര്‍ഥ്യം ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സംഗതി എന്ന നില മാറി. അത് യാഥാര്‍ഥ്യമാകാന്‍ തുടങ്ങി. സമീപയാഥാര്‍ഥ്യത്തിന്റെ സാധ്യതകളുപയോഗിക്കുന്ന എത്രയോ ആപ്ലിക്കേഷനുകള്‍ (apps) ഇപ്പോള്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്.
Fun & Info @ Keralites.net
നെതര്‍ലന്‍ഡ്‌സില്‍ ഐഫോണും ആന്‍ഡ്രോയിഡ് ഫോണും ഉപയോഗിക്കുന്നവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനാണ് 'ലായര്‍' (Layar). ഫോണിലെ ക്യാമറയും ജിപിഎസ് സാധ്യതകളും ഉപയോഗിച്ച് ചുറ്റുപാടുമുള്ള വിവരങ്ങള്‍ മനസിലാക്കാനും, സമീപപ്രദേശത്തെ റെസ്റ്റോറണ്ടുകളെയും മറ്റ് സ്ഥാപനങ്ങളെയും കുറിച്ച് വിവരങ്ങള്‍ ഫോണില്‍ കാണിക്കാനും ലായര്‍ ആപ്ലിക്കേഷന് സാധിക്കും.

ഒരു കെട്ടിടത്തിന് നേരെ ഫോണ്‍ പിടിച്ചാല്‍, ആ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളെക്കുറിച്ചുള്ള വിവങ്ങള്‍ ലായര്‍ മുന്നിലെത്തിക്കും. ഫ് ളിക്കര്‍ പോലുള്ള സര്‍വീസുകളില്‍ നിന്ന് ഫോട്ടോകള്‍ കണ്ടെത്താനും, വിക്കിപീഡിയയില്‍ നിന്ന് ചരിത്രം മനസിലാക്കി സ്‌ക്രീനിലെത്തിക്കാനും അതിന് സാധിക്കും.

2009 ആഗസ്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ യെല്‍പ് (Yelp) ആപ്ലിക്കേഷനുള്ളില്‍ ഒരു 'ഈസ്റ്റര്‍ മുട്ട' മറഞ്ഞിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. റെസ്റ്റോറണ്ടുകളും മറ്റ് ബിസിനസുകളെയും സംബന്ധിച്ച യൂസര്‍ റിവ്യൂകളുടെ പേരിലാണ് യെല്‍പ് അറിയപ്പെട്ടിരുന്നത്. 'മൊണോക്കിള്‍' (Monocle) എന്ന 'സമീപയാഥാര്‍ഥ്യ' ഘടകമാണ് യെല്‍പില്‍ കണ്ടത്.

യെല്‍പ് ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്ത ശേഷം ഐഫോണ്‍ ത്രിജിഎസ് മൂന്നു തവണ കുലുക്കിയാല്‍ 'മോണോക്കിള്‍' പ്രവര്‍ത്തനക്ഷമമാകും. ഫോണിലെ ജിപിഎസും കോംപസും ഉപയോഗിച്ച് സമീപപ്രദേശത്തെ റെസ്റ്റോറണ്ടുകളുടെ വിവരങ്ങളും അവയുടെ റേറ്റിങുകളും വിലയിരുത്തലുകളുമെല്ലാം സ്‌ക്രീനിലെത്തിക്കാന്‍ മോണോക്കിള്‍ സഹായിക്കും.

റീട്ടെയില്‍ വ്യാപാരത്തെ 'സമീപയാഥാര്‍ഥ്യ' സങ്കേതങ്ങള്‍ എങ്ങനെ സമീപഭാവിയില്‍ തന്നെ അടിമുടി മാറ്റാന്‍ പോകുന്നു എന്നകാര്യം അടുത്തയിടെയാണ് സോഷ്യല്‍മീഡിയ സൈറ്റായ 'മാഷബിള്‍' റിപ്പോര്‍ട്ട് ചെയ്തത്. കടയില്‍ പോയി വസ്ത്രം തിരഞ്ഞെടുത്ത് ശരീരത്തിന് പാകമാണോ എന്നറിയാന്‍ ധരിച്ചുനോക്കുന്ന രീതി അവസാനിക്കാന്‍ പോകുന്നു. പകരം, വീട്ടിലിരുന്നു തന്നെ ഉത്പന്നം 'ധരിച്ചുനോക്കി' പാകമറിയാനാണത്രെ സങ്കേതം വരുന്നത്. ബ്രിട്ടനിലും മറ്റും ഇപ്പോള്‍ തന്നെ പുതിയ സാധ്യത പരീക്ഷിക്കപ്പെട്ടു തുടങ്ങിയതായും റിപ്പോര്‍ട്ട് പറയുന്നു.

ഇത്തരം പുതിയ സാധ്യതകള്‍ ദിനംപ്രതിയെന്നോണം പ്രത്യക്ഷപ്പെടുകയാണ്. അറിയാതെ പുതിയ ലോകത്തേക്ക് നമ്മള്‍ ചുവടുവെച്ചുകൊണ്ടിരിക്കുകയാണെന്ന് സാരം.

Comments

Popular posts from this blog

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി അയക്കാം

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദം ടെക്സ്റ്റ് മെസേജായി (Voice to Text) അയയ്ക്കാം. ഇതിനൊപ്പം വോയ്‌സ് മെസേജും ഉപയോക്താവിന് കേള്‍ക്കാന്‍ സൗകര്യമുണ്ടാകും. തിരക്കിട്ട സമയങ്ങളില്‍ വോയ്‌സ് മേസേജ് കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഉപകാരപ്രദമാകുന്നതാണ് പുതിയ ഫീച്ചര്‍. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി വോയ്‌സ് മെസേജ് അയയ്ക്കുന്നതിന് മുന്നോടിയായി, ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണം. നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍, ഫെയ്‌സ്ബുക്ക് ആ ശബ്ദസന്ദേശം ടെക്സ്റ്റാക്കി മാറ്റും. വോയ്‌സ് മെസേജിനരികിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍, ശബ്ദസന്ദേശത്തെ ടെക്സ്റ്റില്‍ കാട്ടിത്തരും. സ്പീച്ച് റിക്കഗ്നിഷന്‍ കമ്പനിയായ Wit.ai യെ ഫെയ്‌സ്ബുക്ക് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ഇവരുടെ സാങ്കേതികവിദ്യയുടെ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ പുതിയ ഫീച്ചര്‍ വന്നിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പുതിയ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ്. അധികം വൈകാതെ ഏവര്‍ക്കും ലഭിക്കും. ശബ്ദസന്ദേശം നല്‍കുന്നയാളുടെ ഉച്ഛാരണം, സംസാര രീതി, സംസാര വ്യക്തത തുട

വെര്‍ടു – ആറരലക്ഷം രൂപക്ക് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ – ഇപ്പോള്‍ ഇന്ത്യയിലും

എത്ര ലക്ഷവും മുടക്കി ആഡംബര സാദനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഉണ്ടാകും. ഇയൊരു ചിന്തയാണ് വെര്‍ടു എന്ന പേരില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ ശ്രേണി അവതരിപ്പിക്കാന്‍ നോക്കിയയ്ക്ക് പ്രചോദനമായത്. അങ്ങനെ 1998 ല്‍ ആദ്യ വെര്‍ടു ഫോണ്‍ പിറവിയെടുത്തു. ഇന്ദ്രനീലക്കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ കീപാഡും വിലയേറിയ ടൈറ്റാനിയം ലോഹം കൊണ്ട് നിര്‍മിച്ച ബോഡിയുമെല്ലാമുളള വെര്‍ടുവിനെ പണക്കാര്‍ക്ക് പെട്ടെന്നിഷ്ടമാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ലോകമെങ്ങുമുളള പണച്ചാക്കുകളുടെ കൈയിലെ സ്റ്റാറ്റസ് സിംബലായി വെര്‍ടു മൊബൈല്‍ ഫോണ്‍ മാറി. ഇപ്പോഴിതാ ടി.ഐ. എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുമായി വെര്‍ടു ഇന്ത്യയിലുമെത്തിയിരിക്കുന്നു. 6,49,990 രൂപയാണ് വെര്‍ടു ടി.ഐയ്ക്ക് ഇന്ത്യയിലെ വില. 2012 ല്‍ സാമ്പത്തികപ്രതിസന്ധി കാരണം വെര്‍ടുവിന്റെ 90 ശതമാനം ഓഹരികളും നോക്കിയ വിറ്റഴിച്ചു, പക്ഷെ കമ്പനി ഇപ്പോഴും നല്ല രീതിയില്‍ നടക്കുന്നുണ്ട്. കോടീശ്വരന്‍മാര്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളും റഷ്യയുമാണ് വെര്‍ടുവിന്റെ പ്രധാനവിപണി. മാസങ്ങള്‍ കൂടുമ്പോള്‍ ഓരോ മോഡലിറക്കി ആഡംബരവിപണിയിലെ തങ്ങളുടെ സാന്നിധ്യം

USB versions

USB 1.1: Released in August 1998, this is the first USB version to be widely adopted (the original version 1.0 never made it into consumer products). It has a top speed of 12Mbps (though in many cases only performs at 1.2Mbps). It's largely obsolete. USB 2.0: Released in April 2000, it has a max speed of 480Mbps in Hi-Speed mode, or 12Mbps in Full-Speed mode. It currently has the max power out put of 2.5V, 1.8A and is backward-compatible with USB 1.1. USB 3.0: Released in November 2008, USB 3.0 has the top speed of 5Gbps in SuperSpeed mode. A USB 3.0 port (and connector) is usually colored blue. USB 3.0 is backward-compatible with USB 2.0 but its port can deliver up to 5V, 1.8A of power. USB 3.1: Released in July 26, 2013, USB 3.1 doubles the speed of USB 3.0 to 10Gbps (now called SuperSpeed+ or SuperSpeed USB 10 Gbps), making it as fast as the original Thunderbolt standard. USB 3.1 is backward-compatible with USB 3.0 and USB 2.0. USB 3.1 has three power profiles (according to